Aug 18, 2017

മലയാളിയെ വായിക്കാന്‍ ഓര്‍മ്മിപ്പിച്ച് വീണ്ടുമൊരു വായനാദിനം


വായനാദിനം

2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പി പി രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കുട്ടികള്‍ സ്വന്തമായി രചിച്ച നാടൻ പാട്ടുകളും കഥകളും മാറ്റ്കൂട്ടി. ഉപന്യാസരചന,കവിതാരചന, കഥാരചന, വായന ,പോസ്റ്റര്‍ തയ്യാറാക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി.മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി സ്കൂളില്‍ ആചരിക്കുന്നു.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം. മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ സ്കൂളില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കകത്ത് നിന്നും വായനയുടെ പുതിയ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരികയാണ് വിദ്യാരംഗം ചെയ്തു വരുന്നത്.വായനയിലൂടെ പകര്‍ന്നു കിട്ടുന്ന അറിവുകളിലൂടെ കുട്ടികള്‍ക്ക് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്. എഴുപതോളം കുട്ടികളാണ് വിദ്യാരംഗത്തിലുള്ളത്.



No comments:

Post a Comment